അഹമ്മദാബാദ് : വെള്ളം കുടിക്കാൻ ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ കാറിന് തീപിടിച്ചു .വഡോദര സർദാർ എസ്റ്റേറ്റിന് സമീപമാണ് സംഭവം. ഷോറൂമിലേക്ക് സർവീസിനായി കൊണ്ടുപോകുകയായിരുന്ന കാറിനാണ് തീപിടിച്ചത് . വഡോദര സ്വദേശിയായ ലോകേഷ് ശർമ്മയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് .
ഹ്യുണ്ടായ് ഐ10 കാർ കഴിഞ്ഞ ദിവസം ഒഡീഷയ്ക്ക് സമീപം അപകടത്തിൽപ്പെട്ടതിനാൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത ശേഷം സർവീസിനായി ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു . ഷോറൂം ജീവനക്കാർ കാർ എടുക്കാൻ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയം വൈകിയതോടെ ലോകേഷ് തന്നെ വാഹനവുമായി ഷോറൂമിലേക്ക് പോകുകയായിരുന്നു.
സർദാർ എസ്റ്റേറ്റിനടുത്തേക്ക് എത്തിയപ്പോൾ ലോകേഷ് വെള്ളം വാങ്ങാനായി കാർ നിർത്തി പുറത്തിറങ്ങി. അതിനു പിന്നാലെ പെട്ടെന്ന് കാറിൽ തീ പടർന്ന് പിടിക്കുകയായിരുന്നു .ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതിരുന്നതോടെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത് . സമീപത്തുണ്ടായിരുന്ന മറ്റ് വാഹങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
Discussion about this post