കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. സഹോദരൻ ഉൾപ്പെടെ 4 പേർ കുഴിമന്തി കഴിച്ചിരുന്നു. ഇതിൽ സഹോദരൻ ഒഴികെ 3 പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്.
ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേൽക്കാൻ പോലുമാകാത്തതിനാൽ ആദ്യം കാസർകോട്ടെയും പിന്നീട് മംഗളൂരുവിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ അഞ്ചിനാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്. പെരുമ്പള അരീച്ചംവീട്ടിലെ പരേതനായ കുമാരൻ നായരുടെയും അംബികയുടെയും മകളായ അഞ്ജുശ്രീ, മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
അൽഫാം കഴിച്ച് യുവതി മരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോനകൾ നടന്നിരുന്നു.എന്നാൽ അത് വെറും പ്രഹസനമാണെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
Discussion about this post