ലക്നൗ : യുപിയിലെ ബറേലി നൈനിറ്റാൾ ഹൈവേയിൽ ബൈക്കിൽ അഭ്യാസം കാട്ടിയ യുവാക്കൾക്കെതിരെ കേസ് . 3 ബൈക്കുകളിലായി 14 യുവാക്കൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . 6 യുവാക്കളാണ് ഒരു ബൈക്കിൽ യാത്ര ചെയ്യുന്നത് . . വീഡിയോ പുറത്തുവന്നതോടെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് എസ്പി രാം മോഹൻ സിംഗ് ബെഹ്ദി സിഒയ്ക്കും സ്റ്റേഷൻ ഇൻചാർജിനും നടപടിയെടുക്കാൻ നിർദേശം നൽകി.
2 വ്യത്യസ്ത വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു വീഡിയോ 45 സെക്കൻഡ് ദൈർഘ്യമുള്ളതാണ്, മറ്റൊരു വീഡിയോ ഒരു മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. ആദ്യ വീഡിയോയിൽ, ഈ യുവാവ് ബൈക്ക് അമിത വേഗതയിൽ ഓടിക്കുന്നതും, ട്രാക്ടറിനെ മറികടക്കുന്നതും കാണാം. കാർ ഓടിച്ചിരുന്ന ചിലരാണ് ഈ വീഡിയോ പകർത്തിയതെന്നാണ് സൂചന.
നിങ്ങൾ എവിടെ പോകുന്നുവെന്ന കാർ യാത്രക്കാരുടെ ചോദ്യത്തിന് തങ്ങൾ വിനോദത്തിനായി പോകുന്നു, എന്നാൽ വീഡിയോ ചെയ്യരുതെന്നും ഇവർ പറയുന്നു. ഹെൽമറ്റ് ധരിക്കാതെയാണ് ഇവരുടെ യാത്ര. ഇത്തരക്കാർ തങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ബറേലിയിലെ ദേവർണിയ പോലീസ് സ്റ്റേഷൻ ഏരിയയിൽ നിന്നുള്ളതാണ് വീഡിയോയെന്ന് ബറേലി ട്രാഫിക് ഡിപ്പാർട്ട്മെന്റ് എസ്പി രാം മോഹൻ സിംഗ് പറഞ്ഞു.
യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഏകദേശം 20 കിലോമീറ്ററോളം യുവാക്കൾ ഈ രീതിയിലാണ് യാത്ര ചെയ്തത് . ഭോജിപുരയിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിക്കുന്നവരാണ് യുവാക്കളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post