തിരുവനന്തപുരം: അമിത വേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽ പെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വീഡിയോ അയയ്ക്കാം. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും.
ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പരിഷ്കാരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബസിന്റെ പിന്നിൽ വന്ന വാഹനത്തിൽ അപകടത്തിന്റെ പൂർണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുൻപ് പിരിച്ച് വിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്ന് ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചു.
Discussion about this post