ഹൗറ: ബിജെപിക്കെതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടരുന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിവച്ചു. ഇയാളെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ബാഗ്നാന്‍ പോലീസ് സ്റ്റേഷന് പ്രദേശത്തെ ചന്ദനപാറയില് 52 കാരനായ പുഷ്പവ്യാപാരി കിങ്കര്‍ മാജിയ്ക്കാണ് വെടിയേറ്റത്. മാജി ശനിയാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ടിഎംസി പ്രവര്‍ത്തകനായ പരിതോഷ് മാജിയും മറ്റ് നിരവധി പേരും അയല്‍വാസിയായ കിങ്കര്‍ മാജിയെ തടഞ്ഞു. പഴയ ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവച്ചതിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു. കിങ്കര്‍ മാജിയെ ഉടനെ നാട്ടുകാര്‍ ഉലുബീരിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം കുങ്കുമ പാര്‍ട്ടി പ്രവര്ത്തകന് നേരെ പ്രതികള്‍ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് അനുപം മല്ലിക് പറഞ്ഞു. ഈ പ്രദേശത്ത് ബിജെപിയുടെ സ്വാധീനം വളരുകയാണെന്നും ഈ വേലിയേറ്റം അടിച്ചമര്‍ത്താനാണ് തങ്ങളുടെ പ്രവര്‍ത്തകനെ വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടിഎംസിയുടെ ബാഗ്നന്‍ എംഎല്‍എ അരുണവ സെന്‍ ഈ ആരോപണം തള്ളിക്കളഞ്ഞു. സംഭവം പഴയ വൈരാഗ്യം മൂലമാണെന്നും അതിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ഇതിന് പൊലീസിനോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മമതയുടെ ഈ ഭരണകാലത്ത് നിരവധി ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നത്. ബിജെപിയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പശ്ചിമ ബംഗാളില്‍ മമത നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ തോക്കിനു വാളിനും ഇരകളാകേണ്ടി വന്നിട്ടുണ്ട് മമതയുടെ ഭരണകാലത്തില്.
Discussion about this post