കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തിനെതിരെ ആര്‍എംപി നേതാവ് കെ.കെ. രമ. അപവാദ പ്രചരണത്തിന്റെ യഥാര്‍ത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല. മാദ്ധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കോവിഡ് പ്രതിരോധത്തിന്റ മറവില്‍ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന ‘പ്രതിഛായ നിര്‍മ്മാണം’ ചോദ്യം ചെയ്യപ്പെടുന്നതിലെ, പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്തും കണ്‍സള്‍ട്ടന്‍സി രാജും പിഎസ്സി ഉദ്യോഗാര്‍ത്ഥികളോടുള്ള മനുഷ്യത്വരാഹിത്യമടക്കം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് ഈ രോഷം. ഫാന്‍സ് അസോസിയേഷന്റെ നിലവാരത്തിലുള്ള വെട്ടുകിളിക്കൂട്ടമായി സിപിഎം മാറിയിരിക്കുന്നു. സ്ത്രീകളെന്ന നിലയില്‍ നിഷയും പ്രജുലയുമടക്കം നേരിട്ട സിപിഎം സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ സിപിഎമ്മിനെതിരെ വാര്‍ത്തകള്‍ ശക്തിപ്പെട്ടതാണ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചത്. ഏഷ്യാനെറ്റ് ചാനല്‍ സിപിഎം ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് ചാനലുകള്‍ക്കെതിരെയും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. ഇതിന്റെ ചുവടുപിടിച്ചാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പി.എം. മനോജ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തി. ഇതിന് മറുപടിയുമായി ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും രംഗത്തുവന്നു. ഇതിനിടെയാണ് സൈബര്‍ ആക്രമണം കടുത്തത്. നിഷാ പുരുഷോത്തമന്, കെ.ജി. കമലേഷ് തുടങ്ങിയവര്‍ക്കെതിരെയാണ് വലിയ ആക്രമണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനോരമയിലെ മാദ്ധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റിലെ കമലേഷിനെതിരെയെന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി കൂടിയായ മാദ്ധ്യമ പ്രവര്‍ത്തക പ്രജുലയുടെ പേര് ചേര്‍ത്തും CPM ന്റെ സൈബര്‍ വിഭാഗം അത്യന്തം ഹീനമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും താഴേത്തട്ടിലുള്ള അനുഭാവികളല്ല ഉത്തരവാദപ്പെട്ട നേതൃസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ദേശാഭിമാനി ജീവനക്കാരനായ വിനീത് വി.യു അതില്‍ പ്രധാനിയാണ്.
നിഷയുടെ സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്ന ആ പോസ്റ്റ് കുടുംബം, വൈവാഹിക ജീവിതം, അതില്‍ സ്ത്രീയുടെ റോള്‍ എന്നിവയെക്കുറിച്ചുള്ള അങ്ങേയറ്റം യഥാസ്ഥിതിക നിലപാടുകള്‍ കൂടി വച്ചു പുലര്‍ത്തുന്നുണ്ട്. ഇതാദ്യമായല്ല നിഷ ഇത്തരമൊരാക്രമണത്തിന് വിധേയയാകുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നിഷയൊക്കെ തിരുവനന്തപുരത്ത് വന്നിട്ട് എടുക്കുന്ന പണി എന്താണ് എന്ന് ഞങ്ങള്‍ക്കറിയാം.’ എന്ന നിലയില്‍ ദുഃസൂചനകളോടെ സാംസാരിച്ചത് MLA യും യുവജന നേതാവുമായ ഷംസീറാണ്. ‘ഞാനെടുക്കുന്ന പണിയെന്താണ് ? പറയൂ ‘ എന്ന് ധീരമായി ചോദിച്ച , തിരുവനന്തപുരത്ത് മാത്രമല്ല , കണ്ണൂരും ഞാന്‍ വന്നിട്ടുണ്ടെന്നും അതെന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ സ്ഥൈര്യമാണ് നിഷ.
ഇങ്ങനെ നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയ ഈ അപവാദ പ്രചരണത്തിന്റെ യഥാര്‍ത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല. മാദ്ധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കോവിഡ് പ്രതിരോധത്തിന്റ മറവില്‍ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന ‘പ്രതിഛായ നിര്‍മ്മാണം ‘ ചോദ്യം ചെയ്യപ്പെടുന്നതിലെ , പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്തും കണ്‍സള്‍ട്ടന്‍സി രാജും PSC ഉദ്യോഗാര്‍ത്ഥികളോടുള്ള മനുഷ്യത്വരാഹിത്യമടക്കം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് ഈ രോഷം.
ഫാന്‍സ് അസോസിയേഷന്റെ നിലവാരത്തിലുള്ള വെട്ടുകിളിക്കൂട്ടമായി CPM മാറിയിരിക്കുന്നു.
അതെന്തായാലും സ്ത്രീകളെന്ന നിലയില്‍ നിഷയും പ്രജുലയുമടക്കം നേരിട്ട സിപിഎം സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്, ജനാധിപത്യ കേരളം
https://www.facebook.com/kkrema/posts/3332443956815338
Discussion about this post