ബീജിംഗ്: ചൈനയില്‍ മതവിശ്വാസികളെ വേട്ടയാടല്‍ തുടര്‍ന്ന് കമ്യൂണിസ്റ്റ് ഭരണകൂടം. സിംജിയാംഗ് മേഖലയിലെ അതുഷ് നഗരത്തില്‍ മുസ്ലിം പള്ളി പൊളിച്ച് ടോയ്ലറ്റ് നിര്‍മ്മിച്ചു. ഉയ്ഗര് മുസ്ലീങ്ങളുടെ മനോബലം തകര്‍ക്കാനും, അവരെ വിശ്വാസപ്രമാണങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി അടര്‍ത്തിമാറ്റി ചൈനീസ് ദേശീയതയിലേക്ക് അടുപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി. ആതുഷ് സുണ്ടാഗ് ഗ്രാമത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുള്‍ മോസ്ക് ആണ് ഇടിച്ചു നിരത്തി പൊതുശൗചാലയം പണിതത്. പള്ളി പൊളിക്കും മുന്‍പ് മിനാരത്തില്‍ പാര്‍ട്ടിക്കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, പള്ളിയുടെ മുന്‍ വശത്ത് മാന്ഡറിന് ഭാഷയില്‍ ‘രാജ്യത്തെ സ്നേഹിക്കുക, പാര്‍ട്ടിയെ സ്നേഹിക്കുക ‘ എന്നെഴുതിയ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഷി ജിന്‍പിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016 -ല്‍ തുടങ്ങിയ ‘മോസ്ക് റെക്റ്റിഫിക്കേഷന്‍’ നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതല്‍ക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയ്ഗര് മുസ്ലിം പൗരന്മാര് പ്രതികരിച്ചത് ഇങ്ങനെ,’ അത് ഇവിടത്തെ ഹാന്‍ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്ലറ്റുകള് ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്ക് ഉണ്ടായിരുന്നതിന്റെയും, അവര്‍ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകള്‍ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോള്‍ ഇങ്ങനെയൊരു നിര്‍മാണത്തിന് പിന്നില്‍’. ‘ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവര്‍, ഹാന്‍ സഖാക്കള്‍, ഇസ്ലാമില്‍ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനപൂര്‍വ്വമാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്’ മറ്റൊരു ഉയ്ഗര് പൗരന് പറഞ്ഞു.
Discussion about this post