അഡ്വ.നോബിള്‍മാത്യു
അരിയും തിന്നു ആശാരിച്ചിയേയും കടിച്ച ശേഷം പിന്നെയുമുള്ള മുറുമുറുപ്പിന്റെ പുതിയ കാലത്തെ മിന്നുന്ന പ്രകടനമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് നടത്തിയത് . മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെഴുതിയ ഹഗ്ഗിയ സോഫിയയിലെ ജുമുഅ എന്ന ലേഖനം പാണക്കാട് കുടുംബക്കാര് എര്‍ദോഗന്റെ മനഃസ്ഥിതി ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് ഇത്രയും കാലം പൊതു സമ്മത വേഷം കെട്ടിയാടിയത് എന്നുറപ്പിക്കുന്നു. കാലങ്ങളോളം ക്രൈസ്തവ ദേവാലയമായി നിലനിന്ന ആ കത്തീഡ്രലിനെ ഏകപക്ഷീയമായി മുസ്ലിം പള്ളിയാക്കി മാറ്റുകയാണ് തുര്‍ക്കിയിലെ ജിഹാദിയായ പ്രസിഡന്റ് എര്ദോഗാന് ചെയ്തത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആ ഇസ്ലാമിക അധിനിവേശത്തില്‍ വ്യസനിക്കുന്നവരുമാണ്. അവരുടെ മനസ്സില്‍ അതികഠിനമായ മുറിവാണ് എര്‍ദോഗന്റെ ഈ നടപടി കാരണം ഉണ്ടായിട്ടുള്ളത്. ആ മുറിവില്‍ ഉപ്പു പുരട്ടി ക്രൈസ്തവരെ കൂടുതല്‍ വേദനിപ്പിക്കുന്ന ക്രൂരതയാണ് സാദിഖലി തങ്ങള്‍ ചെയ്തത്.
പ്രസ്തുത ലേഖനത്തില്‍ ശ്രീമാന്‍ സാദിഖലി തങ്ങള്‍ പറയുന്നതൊക്കെ വെറും സാങ്കേതികതകളോ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളോ ആണ്. ഇന്നലെ വരെ കേരളത്തിന്റെ മതേതര മനസ്സിന്റെ സൂക്ഷിപ്പുകാരന് എന്നൊക്കെയുള്ള വ്യാജ സ്തുതികളുടെ മേലങ്കി അണിഞ്ഞാണ് പാണക്കാട്ടു തങ്ങന്മാര് കേരള സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ കൃത്യമായ സമയത്ത് അവര്‍ തനി നിറം പുറത്തെടുത്തിരിക്കുകയാണ്. എര്‍ദോഗനാണ് തങ്ങളുടെ നേതാവ് എന്നും എര്ദോഗാന് മനസ്സില്‍ കാണുന്ന ഖലീഫ ഭരണമാണ് തങ്ങളും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയാതെ പറയുന്നു.
ഹഗ്ഗിയ സോഫിയ വിഷയത്തില്‍ കേരളത്തിലെ ക്രൈസ്തവരെ അപമാനിക്കുന്ന രീതിയിലാണ് സാദിഖലിയുടെ ലേഖനത്തിന്റെ നിര്‍മിതി തന്നെ. അര്‍ദ്ധസത്യങ്ങളുടെ കുത്തൊഴുക്കാണ് അതില്‍. മറ്റൊരു മതത്തിന്റെ ആരാധനാലയം ബലമായി പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയതില്‍ അഭിമാനം കൊള്ളുകയും അത് ചെയ്ത എര്‍ദോഗനെ പിന്തുണക്കുകയും മാത്രമല്ല അതിനായി നട്ടാല്‍ കുരുക്കാത്ത നുണകളും അന്യ മത ദ്വേഷവുമാണ് പാണക്കാട് തങ്ങള്‍ പുറത്തേക്ക് വമിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം അവര്‍ ഒളിപ്പിച്ചു വെച്ച യദാര്‍ത്ഥ വര്‍ഗീയ മുഖം ഇതിലൂടെ വെളിവായിരിക്കുന്നു. ഓര്‍ക്കണം കേരളത്തിലെ അഞ്ഞൂറോളം മുസ്ലിം മഹല്ലുകളുടെ ഖാദി സ്ഥാനം വഹിക്കുന്നവര്‍ കൂടിയാണ് പാണക്കാട് തങ്ങന്മാര്. അതുകൊണ്ടു തന്നെ അവരുടെ അഭിപ്രായവും നിലപാടുകളും സമൂഹത്തില്‍ ആ വിഭാഗത്തിന്റെ അഭിപ്രായം പോലെ കരുതാറുണ്ട്.
‘സമകാലീന ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ തീരുമാനത്തോട് വിയോജിക്കുമ്പോഴും അയാസോഫിയയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതും ചരിത്രപരമായി അതിന് സാധ്യതയില്ല എന്ന തിരിച്ചറിവ് കൊണ്ടുതന്നെയാകണം’ എന്നാണ് സാദിഖലിയുടെ ലേഖനത്തിലെ കാതലായ വാദം. ഹഗ്ഗിയ സോഫിയക്ക് അവകാശവാദം ഉന്നയിക്കാതെ സാമൂഹിക വിഭജനത്തിനു കാരണമാകാതിരിക്കുക എന്ന ചരിത്ര പരമായ കടമ നിര്‍വഹിക്കുകയാണ് ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്ചെയ്തത് എന്ന് സാദിഖലി തങ്ങള്‍ക്കു അറിയാതെയല്ല. ‘ചരിത്രപരമായി അതിന് സാധ്യതയില്ല’ എന്ന മുസ്ലിം തീവ്രവാദികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉണ്ടയില്ലാ വെടി പൊട്ടിച്ച് ക്രൈസ്തവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ചുരുങ്ങിയത് ഏതു ചരിത്രത്തെക്കുറിച്ചാണ് താന്‍ പറയുന്നത് എന്നുള്ള ധാരണയെങ്കിലും സാദിഖലി തങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടായിരുന്നു.
ഓര്‍ക്കണം തുര്‍ക്കി എന്ന് കേട്ടിട്ടില്ലാത്ത, കേട്ടാല്‍ തന്നെ ഭൂഗോളത്തിന്റെ ഏതു ഭാഗത്താണ് എന്നറിയാത്ത ആയിരക്കണക്കിന് ഹിന്ദുക്കളാണ് ഖിലാഫത് എന്ന വര്‍ഗീയകലാപത്തില്‍ അവരുടെ വേട്ടക്കിരയായത്. ഒരു പക്ഷെ ഒരല്പം കൂടി കഴിയുമ്പോള്‍ മലബാര്‍ ലഹളയില്‍ വാരിയന്‍ കുന്നന് അടക്കമുള്ള ജിഹാദികള്‍ നടപ്പിലാക്കിയ ഹിന്ദു വംശഹത്യയെയും ഇവര്‍ വളരെ ഭംഗിയായി ന്യായീകരിച്ചേക്കും. അന്ന് കൊല്ലപ്പെട്ട മനുഷ്യരുടെ അനന്തരാവകാശികളുടെ മുഖത്ത് നോക്കി ഇതേ പോലെ കൊഞ്ഞനം കുത്തിയേക്കും. ചരിത്ര പരമായി അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്നുള്ള ഫത്വകള് ഇറക്കിയേക്കും.
നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പല ലീഗ് നേതാക്കളുടെയും കുടുംബങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു കയറുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങള്‍ ഈ ലേഖനം ചന്ദ്രികയില്‍ തന്നെ എഴുതിയത് എന്നത് ശ്രദ്ധേയമാണ്. എന്‍ഐഎ അന്വേഷണം കൂടുതല്‍ മുന്നോട്ട് ചെല്ലുമ്പോള്‍ സ്വന്തം കള്ളി വെളിച്ചത്താകും എന്ന് മറ്റു പല ലീഗ് നേതാക്കളെയും പോലെ അദ്ദേഹവും ഭയക്കുന്നുണ്ട് എന്ന് വ്യക്തം. അപ്പോള്‍ സ്വസമുദായത്തിന്റെ പിന്തുണ ലഭിക്കാനുള്ള ഒരു കുതന്ത്രം കൂടിയാണ് ഇത്. സാമുദായിക വികാരത്തെ മനുഷ്യ മറയാക്കി ഉപയോഗിക്കാനുള്ള മൂന്നാംകിട ചപ്പടാച്ചി.
അതെന്തായാലും ലോക ക്രൈസ്തവരുടെ വികാരങ്ങളെ ഒട്ടും പരിഗണിക്കാതെയുള്ള അദ്ദേഹത്തിന്റെ വാദഗതികള്‍ എതിര്‍ക്കപ്പെടും. എര്ദോഗാന് ഖിലാഫത് സ്ഥാപിക്കുമ്പോള്‍ അതിന്റെ കേരളത്തിലെ അമീറാകാം എന്നുള്ള മോഹമുണ്ടെങ്കില്‍ അത് അന്യവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ടും വിശ്വാസികളുടെ വേദനകളെ കുത്തി നോവിച്ചു കൊണ്ടും വേണ്ട . പലതരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിട്ടും സമാധാന വഴിയേ ചരിക്കുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെ അപമാനിച്ചതിനും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിനും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാപ്പു പറയണം. അതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല.
Discussion about this post