സ്വപ്നയും സന്ദീപുമടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ തെളിവുകള്‍ നശിപ്പിക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോള്‍ കുറച്ച് ദിവസമായി അവര്‍ക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലന്‍സിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ലൈഫ് മിഷന് അഴിമതിക്കായി കരാറുകാരന് കൊടുത്തയച്ച അഞ്ച് ഫോണുകളില്‍ ഒന്ന് ലഭിച്ചത് ശിവശങ്കരനാണെന്നത് ക്രമക്കേടിലെ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുന്നയാള് കരാറ് നല്‍കുന്നതിന് പകരമായി ഫോണ്‍ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാന്‍ സാധിക്കുക? യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കില്‍ കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് നല്കിയ ഐഫോണ്‍ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ലൈഫ്മിഷന് അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കരന് ലഭിച്ച ഫോണ്‍. വടക്കാഞ്ചേരി ലൈഫ് മിഷന് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ പോയതും എന്തിനാണെന്ന് എല്ലാവര്ക്കും ബോധ്യമായി. യൂണിടാക്ക് ഉടമ നല്കിയ ഐഫോണുകള്‍ മറ്റൊന്ന് ആരുടെ പക്കലാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പഴയകള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന് ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയാണ് ഈ കേസിലെ പ്രധാന കുറ്റവാളി. അദ്ദേഹത്തിന് രാജിയല്ലാതെ വേറെ മാര്‍ഗമില്ല.
സി.പി.എം കേന്ദ്രനേതൃത്വം അപഹാസ്യരാവുന്നു
———————
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രന് പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കൊടിയേരിയുമാണോയെന്ന് അദ്ദേഹം പരിഹസിച്ചു.
മുന്ആഭ്യന്തര മന്ത്രിയായിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതമാണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബിനീഷിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാറുണ്ടായിരുന്നു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വഴിവിട്ട മാര്‍ഗത്തി. സഞ്ചരിക്കുമ്പോള്‍ ഇത്രയും തുക മുടക്കി പ്ലീനം നടത്തിയത് എന്തിനാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു.
ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും ന്യായീകരിക്കുന്ന സി.പി.എമ്മുകാരേക്കാള്‍ നിലവാരമില്ലാത്തതാണ് ശിവശങ്കരന്റെ അറസ്റ്റില്‍ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത്തരം ന്യായീകരണ ക്യാപ്സൂളുകള് ഇറക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണോയെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post