തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ച ഉടന്‍ അന്വേഷണ ഏജന്‍സി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എം ശിവശങ്കറിനെ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്തിരുന്നു. നിരവധി അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികം ചോദ്യം ചെയ്തതായി സസ്പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു, എന്നാല്‍ അവര്‍ ‘ഒരു റിപ്പോര്‍ട്ടും അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കുറ്റകരമായ വസ്തുക്കളും സമര്‍പ്പിച്ചിട്ടില്ല’ എന്ന് കോടതി പരാമര്‍ശിച്ചിരുന്നു. മാധ്യമ പ്രചാരണത്തിനും അറസ്റ്റിന് നിരന്തരമായ ആവശ്യത്തിനും വിധേയമായി അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.
എന്നാല്‍, ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസ് വകുപ്പും ശക്തമായി എതിര്‍ത്തിരുന്നു. ഉചിതമായ രീതിയില്‍ ‘കസ്റ്റോഡിയല്‍ ചോദ്യം ചെയ്യല്‍’ ആവശ്യമായി വരുന്ന ഒരു കേസാണെന്നും ചോദ്യം ചെയ്യപ്പെടുമ്പോള്‍ എം ശിവശങ്കര്‍ ചില വസ്തുതകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥന് പ്രതിയുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും ഏജന്‍സി കോടതിയെ അറിയിച്ചു.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. പ്രതികള്‍ക്ക് താമസിക്കാന്‍ ശിവശങ്കര്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. സ്വപ്നയുടെ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി. ഈ കാര്യങ്ങളത്രയും അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു. അദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
അതിവേഗമായിരുന്നു ഇഡി നീക്കങ്ങളെല്ലാം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറി. പിന്നാലെ കസ്റ്റഡിയിയിലെടുത്ത എം ശിവശങ്കറുമായി എന്‍ഫോസ്മെന്ര്‍റ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്മെന്റ് ആസ്ഥാനത്തെത്തി. ചേര്‍ത്തല മുതല്‍ ഇഡി സംഘത്തിന് പിന്നാലെ ഉണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലെത്തി. പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി. ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
Discussion about this post