തിരുവനന്തപുരം: യുഡിഎഫില്‍നിന്നു പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി മുഖപത്രം. ഇടതും വലതുമല്ലാത്ത നേര്‍വഴി ഉണ്ടെന്ന് ജോസ് കെ.മാണിയെങ്കിലും തിരിച്ചറിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന് ജന്മഭൂമിയില് എഴുതിയ ലേഖനം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് ഇരുമുന്നണികളെയും പരീക്ഷിച്ചതാണ്. കെ.എം.മാണിയും പി.ജെ.ജോസഫും ഇരുമുന്നണികളുടെയും ഭാഗമായിരുന്നതുമാണ്. ഇടതും വലതുമല്ലാത്ത നേര്‍വഴി ഉണ്ടെന്ന് ജോസ് കെ.മാണിയെങ്കിലും തിരിച്ചറിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഗുണപരമായ മാറ്റം ഉണ്ടാകും. മാറ്റമുണ്ടാകണോ മരവിച്ച് നില്‍ക്കണോ എന്ന് തീരുമാനിക്കാനുള്ള സന്ദര്‍ഭമാണിത്. കേരളാ കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയം മാറിമറിയും എന്ന ലേഖനം ചൂണ്ടിക്കാട്ടി. നേരത്തെ പാലായുടെ മാണിക്യം എന്ന തലക്കെട്ടില്‍ കെ.എം. മാണിയെ പ്രകീര്‍ത്തിച്ച് ജന്മഭൂമി ലേഖനമെഴുതിയത് ചര്‍ച്ചയായിരുന്നു.
കോണ്‍ഗ്രസ്-സിപിഎം കുത്തിത്തിരിപ്പുകളില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായ സംസ്ഥാനമാണ് കേരളം. മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളില്‍ കരുക്കളായത് കേരളാ കോണ്‍ഗ്രസും മുസ്ലിംലീഗുമാണ്. മുസ്ലിം ലീഗിന്റെ താല്പര്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്കിപ്പോരുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസിന് രണ്ടാം പന്തിയേ വിധിച്ചിട്ടുള്ളൂ. കേരളാ കോണ്‍ഗ്രസിനെ വരുതിയില്‍ നിര്‍ത്താനും അവര്‍ പ്രതിനിധാനം ചെയ്യുന്ന വോട്ടുബാങ്കുകളില്‍ കയ്യിട്ടുവാരാനും ഇരു മുന്നണികളും മത്സരിച്ചതാണ് കേരളാ കോണ്‍ഗ്രസ് തളരാനും പിളരാനുമുള്ള സാഹചര്യമുണ്ടാക്കിയത്.
”വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രസ്ഥാന’മെന്ന് കെ.എം. മാണി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ പിന്നില്‍ ഊരിപ്പിടിച്ച കത്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്കി പ്രയത്നിച്ച കെ.എം. മാണിയുടെ ശ്രമങ്ങള്‍ ഒരിക്കല്‍പ്പോലും അംഗീകരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രദ്ധിച്ചിരുന്നില്ല. മുന്നണികളെ മാറി മാറി പരീക്ഷിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്.
കെ.എം. മാണി നയിച്ച പാര്‍ട്ടിയെ ഇടതു മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ദയനീയമായി തോറ്റതിന്റെ ചരിത്രം വിസ്തരിക്കേണ്ടതില്ല. അതിന്റെ അനന്തരഫലമാണ് കെ.എം. മാണിക്കെതിരായ ആരോപണം. നോട്ടെണ്ണുന്ന യന്ത്രം വരെ വീട്ടിലുണ്ടെന്ന് പെരുമ്പറയടിച്ച സിപിഎം അധികാരത്തിലെത്തിയ ശേഷം ബാര്‍ കോഴ ആവിയായി പോയതെന്തുകൊണ്ട് എന്ന് അവര്‍ പറയേണ്ടതാണ്. ഏറ്റവും ഒടുവിലത്തെ കേരളാ കോണ്‍ഗ്രസ് കലാപത്തിന് പിന്നിലും ഇരുമുന്നണികളുമാണ്. ലേഖനം വിശദീകരിച്ചു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയുമായി കേരളത്തലെ ക്രൈസ്തവ സമൂഹം അടുക്കുമ്പോഴാണ് ലേഖനമെന്നതും ശ്രദ്ധേയമാണ്.
Discussion about this post