ശ്രീനഗര്‍: കശ്മീരില്‍ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുടെ വസതിക്കു മുന്നില്‍ വന്‍ പ്രതിഷേധവുമായി ബിജെപിയുടെ ‘തിറംഗ’ റാലി. കാശ്മീരില്‍ പ്രവേശന ദിനം ആഘോഷിക്കുന്നതിനും ദേശീയ പതാക ഉയര്‍ത്താത്തതിനെതിരെ മെഹബൂബ മുഫ്തിയ്ക്കെതിരെ പ്രതിഷേധിക്കുന്നതിനുമായാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ കശ്മീര്‍ വിഭാഗം ‘തിറംഗ’ റാലി സംഘടിപ്പിച്ചത്.
ടാഗോര്‍ ഹാളില്‍ നിന്ന് എസ്കെഐസിസിയിലേക്ക് ഗുപ്കര്‍ റോഡ് വഴി ആരംഭിച്ച റാലിയില്‍ 80 ഓളം പേരാണ് പങ്കെടുത്തത്. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരുടെ വസതികള്‍ ഇവിടെയാണ് ഉള്ളത്.
ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വസതികള്‍ക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചതായും മുഫ്തിയുടെ സമീപകാല പ്രസ്താവനയില്‍ പ്രതിഷേധിച്ചതായും കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി അടുത്തിടെ പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ജമ്മു കശ്മീര്‍ തിരികെ നല്‍കുന്നതുവരെ ഒരു പതാകയും ഉയര്‍ത്തില്ലെന്ന് മുഫ്തി നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന പതാക തിരികെ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ അതുവരെ ദേശീയ പതാക ഉയര്ത്തില്ലെന്നുമായിരുന്നു മുഫ്തിയുടെ പ്രസ്താവന. എന്നാല്‍ ഇത് ഏറെ വിവാദമായി. ബിജെപി വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ചില ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നുവെങ്കിലും റാലിക്ക് മാത്രമാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ബിജെപി ഒരു ചടങ്ങും നടത്തിയില്ല.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനായി ഫറൂഖ് അബ്ദുള്ളയും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പീപ്പിള്‍സ് അലയന്‍സ് എന്ന ഒരു സഖ്യവും ഉണ്ടാക്കിയിരുന്നു. ഇതില്‍ ഫറൂഖ് അബ്ദുള്ളയെ പ്രസിഡന്റായും മെഹബൂബ മുഫ്തിയെ വൈസ് പ്രസിഡന്റായിയുമാണ് തെരഞ്ഞെടുത്തത്.
Discussion about this post